Saturday, October 16, 2010

മരണം: ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഉത്തരവ്

മാവിലാകടപ്പുറം പന്ത്രണ്ടിലെ ടി. ബദറുദ്ദീന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടു. ബദറുദ്ദീന്റെ ഭാര്യ എം.ടി.പി. റസിയ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് നാട്ടുകാര്‍ നിരവധി തവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മരണത്തില്‍ നിഷ്പക്ഷമായ പൊലീസ് അന്വേഷണം നടന്നില്ലെന്ന് കാണിച്ച് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു.
2008 ജൂലൈ 22നാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ബദറുദ്ദീനെ ബൈക്കിടിച്ചിട്ടത്. ഇതേതുടര്‍ന്ന് സാരമായി പരിക്കേറ്റ ഇയാള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെയാണ് മരിച്ചത്. 16 ദിവസം ചികില്‍സയില്‍ കഴിഞ്ഞശേഷമായിരുന്നു മരണം. റോഡിന് കിഴക്കുഭാഗത്തുകൂടി സഞ്ചരിച്ച ബൈക്ക് പടിഞ്ഞാറു ഭാഗത്ത് നില്‍ക്കുകയായിരുന്ന ബദറുദ്ദീനെ ഇടിച്ചുവീഴ്ത്തുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് പരാതി ഉയര്‍ന്നത്. പരിക്കേറ്റ് വീണ ബദറുദ്ദീനെ ആശുപത്രിയിലെത്തിക്കാതെ കൂടെയുണ്ടായവര്‍ മുങ്ങിയതായും സംസാരമുണ്ട്.
വിസ ഇടപാടില്‍ ബദറുദ്ദീന് പണം നല്‍കാനുള്ളവരും മറ്റും ചേര്‍ന്ന് അപകടം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സഹോദരന്‍ മജീദ് ആരോപിച്ചു. നേരത്തേ, ദുബൈയില്‍ ജോലി ചെയ്ത ബദറുദ്ദീന്‍ 25ന് മടങ്ങാനിരിക്കെയായിരുന്നു അപകടം.

No comments:

Post a Comment