Thursday, October 14, 2010

ഇടയിലക്കാട് പാലം വൈകുന്നു; വലിയപറമ്പുകാര്‍ക്ക് ദുരിതയാത്ര

തൃക്കരിപ്പൂര്‍: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കവ്വായിക്കായല്‍ നിറഞ്ഞുകവിയുമ്പോള്‍ വലിയപറമ്പുകാര്‍ക്ക് കടത്തുതോണിയില്‍ ദുരിതയാത്ര. അത്യാവശ്യ കാര്യങ്ങള്‍ക്ക് മറുകര താണ്ടാന്‍ അവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല. വലിയപറമ്പ് പഞ്ചായത്തിലെ പ്രധാന ദ്വീപായ വലിയപറമ്പില്‍നിന്ന് ആയിറ്റിയിലേക്ക് കൂടുതല്‍ യാത്രക്കാര്‍ കടത്തുതോണിയെയാണ് ആശ്രയിക്കുന്നത്.
സ്‌കൂള്‍ കുട്ടികളും ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ആയിറ്റി കടവു വഴി  തൃക്കരിപ്പൂരിലേക്കും തിരികെയും യാത്രചെയ്യുന്നത്. മഴ വന്നതോടെ കുടചൂടിയുള്ള തോണിയാത്ര അപകടകരമാണ്. ചെറുതായൊന്ന് കാറ്റുവീശിയാല്‍ തുറന്നുപിടിച്ച കുടകള്‍ കടത്തുതോണിയെ അപകടത്തില്‍പെടുത്തിയേക്കാം. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് പ്രതികൂല കാലാവസ്ഥയിലും യാത്ര തുടരുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
മഴക്കാലത്തെങ്കിലും ബോട്ട്‌സര്‍വീസ് ഷട്ടില്‍ രീതിയില്‍ ക്രമീകരിക്കാനുള്ള ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ബോട്ട്‌സര്‍വീസ് ഒരിക്കല്‍പോലും കടത്തുതോണിക്ക് പകരമായിട്ടില്ല എന്നതാണ് വാസ്തവം. കടത്തിന്റെ നിയന്ത്രണംപോലും പൂര്‍ണതോതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കില്ല. പലപ്പോഴും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കടത്തുതോണി മുടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു. പിന്നീട് നടന്ന അനുരഞ്ജനത്തെ തുടര്‍ന്നാണ് നിയന്ത്രണം ഇല്ലാതായത്. കടവ് ലേലം കൊള്ളാന്‍ ആളില്ലെന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു ഇത്.
24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദ്വീപില്‍ രണ്ട് പാലങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. തെക്കുഭാഗത്ത് ഓരിക്കടവ് പാലം സജ്ജമായെങ്കിലും അപ്രോച്ചിന്റെ പണി തീര്‍ന്നിട്ടില്ല. റോഡുപണി പൂര്‍ത്തിയാവാത്തതിനാല്‍ ഇതുവഴി ബസുകള്‍ വലിയപറമ്പില്‍ എത്തില്ല. നിര്‍ദിഷ്ട ഇടയിലക്കാട് പാലംപണി പുനരാരംഭിക്കാന്‍ എസ്റ്റിമേറ്റ് പുതുക്കിയെങ്കിലും പണി തുടങ്ങിയിട്ടില്ല. 7.8 കോടി ചെലവില്‍ 2007 ഫെബ്രുവരിയിലാണ് പാലം നിര്‍മാണം തുടങ്ങിയത്. ഇടയിലക്കാട് ഭാഗത്തെ അബെറ്റ്‌മെന്റും രണ്ട് പിയറുകളും അവയെ ബന്ധിപ്പിക്കുന്ന സ്‌പാനുകളും മാത്രമാണ് ഒരുങ്ങിയത്. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ച് മാസം പിന്നിടുമ്പോഴും പ്രവൃത്തി തുടങ്ങിയിട്ടില്ല. ഓരിക്കടവ് പാലം പത്തു വര്‍ഷംകൊണ്ട് കോടികള്‍ തുലച്ചാണ് ഭാഗികമായെങ്കിലും പൂര്‍ത്തീകരിക്കാനായത്. ഇടയിലക്കാട് പാലം പൂര്‍ത്തിയായാലും ആയിറ്റി വഴി പോകുന്നവര്‍ക്ക് ഇടയിലക്കാട് തുരുത്തുവഴി വെള്ളാപ്പിലൂടെ കിലോമീറ്ററുകള്‍ താണ്ടേണ്ടിവരും.

No comments:

Post a Comment