Thursday, October 14, 2010

അനൂപിനും വിനീതിനും കണ്ണീരോടെ വിട

ഞായറാഴ്ച വൈകിട്ട്  വലിയപറമ്പ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടു കിട്ടി. കയ്യൂര്‍ ഐ ടി ഐ വിദ്യാര്‍ഥി സി അനൂപ്‌(18), ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി കെ വിനീത് (18) എന്നിവരുടെ ജഡങ്ങളാണ്  മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ  കണ്ടെത്തിയത്. 
മടക്കര, പടന്നകടപ്പുറം, പന്ത്രണ്ടില്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ  മൂന്ന് ബോട്ടുകളിലും മത്സ്യബന്ധന തോണികളിലുമാണ് തെരച്ചില്‍ നടത്തിയത്. അപകട സ്ഥലത്തിനു തെക്ക് ഭാഗത്ത് കരയോടാടുപ്പിച്ചു വലയിട്ടപ്പോഴാണ് ദേഹങ്ങള്‍ കിട്ടിയത്‌. കണ്ണൂരില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പിന്റെ ഫ്ലയിംഗ് സ്ക്വാഡും തെരച്ചിലില്‍ പങ്കുചേര്‍ന്നു. പുലരുവോളം ജനരേറ്റര്‍ വെളിച്ചത്തില്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. കടപ്പുറത്ത്  രാത്രി തന്നെ ആയിരക്കണക്കിനാളുകള്‍ തടിച്ചു കൂടിയിരുന്നു. കൂരിരുട്ടില്‍ കാത്തിരിക്കാനല്ലാതെ അവര്‍ക്ക് കഴിയുമായിരുന്നില്ല. പോലീസും ഫയര്‍ ഫോഴ്സും എത്തിയെങ്കിലും അവരും നിസ്സഹായരായിരുന്നു.ആദ്യം അനൂപിന്റെയും പിന്നീട് വിനീതിന്റെയും ദേഹം കിട്ടി.
കെ വി ഭാസ്കരന്റെയും ചാപ്പന്റെ ജാനകിയുടെയും മൂത്ത  മകനാണ്  അനൂപ്‌. അനുജന്‍ സജീവ്‌. എ വി ബാലകൃഷണന്റെയും കുതിരുമ്മല്‍ ജയന്തിയുടെയും മകനാണ് വിനീത്.  സഹോദരി വിനീത.  

1 comment: